Monday, August 21, 2006

പെടയന്താളില്‍ മഞ്ഞപ്പിത്തം പടരുന്നു: ഡോക്ടര്‍മാരുടെ സമരം ചികിത്സയെ ബാധിക്കുന്നു

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പെടയന്തള്‍ , പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പെടയന്താള്‍ സ്കൂള്‍ പടിയിലെ കച്ചവടക്കാരനായിരുന്ന നെല്ലേങ്ങര അനൂപ്(22) കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം മൂര്‍ച്ചിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ശമ്പള പരിഷ്കരണത്തില്‍ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലായത് മൂലം മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചോക്കാട് ആസ്പത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് പെടയന്താള്‍, പെരിങ്ങപ്പാറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നതായി കണ്ടെത്തിയത്. രോഗം ബാധിച്ചവര്‍ ആയുര്‍ വേധ ചികിത്സ തേടുന്നത് കൊണ്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. പെടയന്താളില്‍ അഞ്ച് പേര്‍ക്കും പെരിങ്ങപ്പാറയില്‍ ഒരാള്‍ക്കും രോഗമുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചോക്കാട്ടിലെ വേപ്പിന്‍ കുന്നില്‍ പടര്‍ന്നു പിടിച്ച മഞ്ഞ പ്പിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
ആസ്പ്ത്രിക്കകത്തുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ബാക്കി പ്രവര്‍ത്തനമെല്ലാം ബഹിഷ്കരിച്ചിരിക്കുകയാണ്. പുറത്തുള്ള കുത്തിവെപ്പുകള്‍ പോലും മുടങ്ങിക്കിടക്കുകയാണ്. സമരം നീണ്ട് പോയിട്ടും അനുകൂല നിലപാടില്ലാത്തതിനെത്തുടര്‍ന്നാണ് അടിയന്തിര ഘട്ടങ്ങളില്‍ പോലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതിരിക്കുന്നത്.
ചോക്കാട് മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.

No comments: