Saturday, September 30, 2006

വിതരണത്തിലെ അപാകം: പാചകവാതക വിതരണക്കാരും ഉപഭോക്താക്കളും ഏറ്റുമുട്ടി

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം വിതരണം ചെയ്യുന്നതിലെ അപാകത്തില്‍ പ്രതിശേധിച്ച് കാളികാവില്‍ വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായി. മാസങ്ങള്‍ക്കു ശേഷം സിലിന്ഡറുകള്‍ മാറ്റിവെക്കാനായി ബുധനാഴ്ച കാളികാവില്‍ വന്ന വാഹനത്തിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാഹനം മണിക്കൂറുകളോളം കാളികാവ് പോലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കൂടുതല്‍ പണം വാങ്ങി തിരിമറി നടത്തുന്നതിനാലാണ് വിതരണത്തിന് വൈകുന്നതെന്നും റംസാനില്‍ ഹോട്ടലുകള്‍ക്ക് അവധിയായതിനാല്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമീണ മേഖലകളില്‍ വിതരണത്തിനെത്തുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

മയക്കു മരുന്ന് വില്പനക്കെതിരെ പരാതി നല്‍കി

കാളികാവ് അങ്ങാടിയിലും പരിസര പ്രദേശത്തും നടത്തിക്കൊണ്ടിരിക്കുന്ന മയക്കു മരുന്ന് കച്ചവടം നാട്ടുകാരുടെയും യാത്രക്കാരുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുന്നാതായി പരാതി. പോലീസ് സ്റ്റേഷന് വെറും നൂറ് മീറ്റര്‍ അകലെയുള്ള അങ്ങാടികേന്ദ്രീകരിച്ച് നടക്കുന്ന മദ്യ വ്യാപാരം തടയണമെന്നാവശ്യപ്പെട്ട് എവര്‍ഗ്രീന്‍ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അധികാരികള്‍ക്ക് പരാതി നല്‍കി. മാവേലി സ്റ്റോറിന് പിറകില്‍ നടക്കുന്ന കഞ്ചാവ് വില്പന ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാക്കുന്നു.
യോഗത്തില്‍ വി.പി.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. മുസാഫിര്‍, കെ. രാജന്‍, ബി. അബ്ദുള്‍അസീസ്, കെ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, September 26, 2006

ഭക്ഷ്യ വിഷബാധ

ഭക്ഷ്യ വിഷബാധയേറ്റ് ആസ്പത്രി വിട്ടവരില്‍നിന്ന് രോഗം കൂടിയതിനെത്തുടര്‍ന്ന് വീണ്ടും ആസ്പത്രിയിലാക്കി. ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി മാഞ്ചേരി അലവിയുടെ കുടുംബത്തിലെ 9 പേരെയാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് ആസ്പത്രിയിലാക്കിയിരുന്നത്. വിഷബാധയെ തുടര്‍ന്ന് വണ്ടുരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 9 പേരെയിം ചികിത്സ് നല്‍കി വിട്ടിരുന്നു. ഛര്‍ദ്ദിയും അതിസാര്‍വും കൂടിയതിനാലാണ് തിങ്കളാഴ്ച ഇതേ കുടുംബത്തിലെ ജമീല (30), റിന്‍ഷാദ് (12) എന്നിവരെ വണ്ടൂര്‍ സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചത്. മുളക് പൊടിയില്‍ പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. ചോക്കാട് പി.എച്ച്.സി യിലെ ജെ.എച്ച്.ഐ അനിലിന്റെ നേതൃത്വത്തില്‍ വിഷബാധയേറ്റ വീട് സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക് പൊടിയുടെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

Sunday, September 24, 2006

ജീവനക്കാരുടെ കുറവ് ചോക്കാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം തടസ്സപ്പെടുന്നു

ചോക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ ഫീല്‍ഡ് ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരുടെ കുറവാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നം. ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനി, എത്തിപ്പെടാന്‍ വഴിപോലുമില്ലാതെ ഒറ്റപ്പെട്ട് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചേനപ്പാടി കോളനി, മമ്പാട്ടുമൂലയിലെ ചെല്ലക്കൊടി കോളനി എന്നീ വലിയ കോളനികള്‍ക്ക് പുറമെ ധാരാളം ചെറിയ കോളനികളുമുണ്ട്.
വനാതിര്‍ത്തിയായ്തിനലും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതിനാലും കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ വേഗം പടര്‍ന്ന് പിടിക്കുന്നു. രോഗ ബാധിതരെ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏറെ പ്രയാസപ്പെടുകയാണ്
കഴിഞ്ഞ ദിവസം ചെല്ലക്കൊടിയിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വിവരം രോഗബാധിതര്‍ ആസ്പത്രി വിട്ട ശേഷമാണ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചത്. വിഷബാധയുടെ കാരണം കണ്ടെത്താനൊ ഭ്ക്ഷ്യസാമ്പിളുകള്‍ പരിശോധനക്കയയ്ക്കാനൊ സാധിച്ചിട്ടില്ല. മൂന്ന് ജീവനക്കാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. വിശാലമായ സ്ഥലത്ത് ഒരാളെകൊണ്ട് മാത്രം എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി. സത്യനാരയണന്‍ പറഞ്ഞു.

ഭക്ഷ്യ വിഷ ബാധ

ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി കോളനിയിലെ മാഞ്ചേരി അലവിയുടെ കുടുംബത്തിലെ ഒമ്പത് പേരെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേസിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Monday, September 18, 2006

തോക്ക് നിര്‍മ്മാതാവിനെ റിവോള്‍വര്‍ സഹിതം പിടികൂടി


വ്യാജ തോക്ക് നിര്‍മാതാവായ ചോക്കാട് പരുത്തിപ്പറ്റയിലെ ചാത്തങ്ങോട്ടുപുറം ബാബുരാജിനെ വണ്ടൂര്‍ സി.ഐ രാജു അറസ്റ്റ്ചെയ്തു. നിലമ്പൂര്‍ കാളികാവ് സ്റ്റേഷനുകളില്‍ ബബുവിന്റെ പേരില്‍ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. ഒരു തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ചോക്കാട് വനാതിര്‍ത്തിയിലാണ് തോക്കു നിര്‍മാണ കേന്ദ്രം. ആവശ്യാനുസരണം 6 മുതല്‍ 12 വരെ വെടിയുണ്ടകള്‍ ഉള്‍കൊള്ളുന്ന തോക്കുകളാണ് ഇയാള്‍ നിര്‍മിക്കുന്നത്.

ജ്യോതിര്‍ഗമയ പഠനോപകരണ ശില്പശാല

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ജ്യോതിര്‍ഗമയ പദ്ധതിയും, മലപ്പുറം ഡയറ്റും ചേര്‍ന്ന് ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പഠനോപകരണ ശില്പശാല തുടങ്ങി. തെരഞ്ഞെടുത്ത 80 ഫെസിലിറ്റേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എസ്.സി.ആ.ര്‍.ടി ഗസ്റ്റ് ഫാക്കല്‍റ്റി പി.ആര്‍. സുരേന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

കളിക്കമ്പക്കാര്‍ക്ക് ആവേശമായി കുട്ടിക്കളിക്കാര്‍ ഒരുങ്ങി

പുതിയ കളിക്കാരെ വാര്‍ ത്തെടുക്കാന്‍ കാളികാവില്‍ നടത്തിയ ഫൂട്ബാള്‍ ക്യാമ്പ് സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയ്ക്കകത്തും പുറത്തും നടത്തുന്ന അഖിലേന്ത്യാ സെവന്‍സ് മേളകളിലെ വിദേശ താരങ്ങളുടെ വര്‍ധന കളിയുടെ രസം കെടുത്തുന്നുവെന്ന പരാതി മാറ്റാനാണ് ക്യാമ്പ് ലക്ഷ്യമിട്ടത്.
കാളികാവിലെ പഴയ കാല കളിക്കാരുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ സാംസ്കാരിക വേദിയാണ് പുതിയ താരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഏകദിന ഫൈവ്സ് ടൂര്‍ണ്ണമെന്റ് നടത്തി പണം ശേഖരിച്ച് 30 കളിക്കാരെയാണ് വാര്‍ ത്തെടുത്തിരിക്കുന്നത്.
അടുത്ത അഖിലേന്ത്യാ മത്സരങ്ങള്‍ മുതല്‍ പരിശീലനം നേടിയ കളിക്കാരും മൈതാനത്തിലിറങ്ങിത്തുടങ്ങും. വിദേശ താരങ്ങളേക്കാള്‍ ജില്ലയിലെ കളിക്കമ്പക്കാര്‍ക്ക് പ്രിയം നാട്ടിലെ കളിക്കാരെ തന്നെയാണ് എന്നതിനാ ലാണ് 10 ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പ് നടത്തിയതെന്ന് പരിശീലകരും കെ.എഫ്.സി താരങ്ങളുമായ വി.പി. മുജീബ്, കെ. രാജന്‍, കെ. ഷാജി എന്നിവര്‍ പറഞ്ഞു.

Saturday, September 09, 2006

കാളികാവ് പി എച്ച് സി യിലെ ഡോക്ടറെയും ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞു

കഴിഞ്ഞ ദിവസം നാട്ടുകാര്‍ അടച്ചുപൂട്ടിയ പി എച്ച് സി യില്‍ ഡ്യുട്ടിക്കെത്തിയ ഡോക്ടറടക്കമുള്ള ജീവനക്കരെ നാട്ടുകാര്‍ ഗേറ്റിന് സമീപം തടഞ്ഞു. ജീവനക്കാര്‍ കൂട്ടമായി ആശുപത്രിയിലെത്താത്തതിനെ തുടര്‍ന്ന് അനാഥാവസ്ഥയിലായതില്‍ പ്രകോപിതാരായാണ് നാട്ടുകാര്‍ വ്യാഴാഴ്ച രാത്രി ആശുപത്രി ഗേറ്റ് പൂട്ടിയത്. ആശുപത്രിക്കകത്ത് തെരുവ് നായ്ക്കള്‍ പ്രസവിച്ച് കിടന്നിട്ടും ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച നാട്ടുകാര്‍ വീണ്ടും സംഘടിച്ച് ഗേറ്റില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. അതിനിടെയെത്തിയ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള രണ്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും നാട്ടുകാര്‍ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു നിര്‍ത്തി. ശോച്യാവസ്ഥ പരിഹരിച്ചിട്ട് മതി മേലില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. വിവരമറിഞ്ഞ് വണ്ടുര്‍ എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍, കാളികാവ് പോലീസ് രംഗത്തെത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. അതോടെ ഒ.പി ചികിത്സക്കെത്തിയ രോഗികളെ നാട്ടുകാരുടെ ചെലവില്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു. ഉച്ചയോടെ ഡി എം ഒ ഇന്‍ചാര്‍ജ് കെ.എ ദിനേശ് സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നത്തിന് താല്‍കാലികമായി പരിഹാരമായത്.

Thursday, September 07, 2006

അരിമണല്‍ പുഴയുടെ ഭിത്തി തകര്‍ന്നു: ക്രമക്കേടെന്ന് പരാതി

ഒന്നര വര്‍ഷം മുമ്പ് നിര്‍മ്മിച്ച അരിമണല്‍ പുഴയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. പുഴയുടെ വശങ്ങളിലെ കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും സംരക്ഷണമായി സ്ഥാപിച്ച ഭിത്തിയുടെ നിര്‍മ്മാണത്തിലെ ക്രമക്കേടാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.

Tuesday, September 05, 2006

ശുദ്ധ ജല ടാപ്പില്‍ പുഴു

നിലമ്പൂര്‍ ജവഹര്‍ കോളനിയിലെ ശുദ്ധ ജല വിതരണ പൈപ്പില്‍ നിന്നും അര മീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി. ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയിലാണ് പുഴുവിനെ കണ്ടത്. കോളനിയിലെ 20 ഓളം കുടുംബങ്ങള്‍ ഇവിടെ നിന്നുമാണ് കുടിവെള്ളമെടുക്കുന്നത്. 1978-79 കാലയളവിലാണ് ഗ്രാമപഞ്ചായത്ത് കോളനി നിവാസികള്‍ക്ക് ശുദ്ധ ജലമെടുക്കുന്നതിന് പൈപ്പും ടാങ്കും നിര്‍മ്മിച്ചത്. കരിമ്പുഴയില്‍ നിന്നാണ് വാ‍ട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്.

Sunday, September 03, 2006

ഫോണ്‍ നമ്പര്‍

പൂക്കോട്ടുംപാടം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ഫോണ്‍ നമ്പര്‍ 262969 എന്നായി മാറിയിട്ടുണ്ട്