Tuesday, October 31, 2006

മരുതയില്‍ ഉരുള്‍പൊട്ടി

മരുതയില്‍ ഉരുള്‍പൊട്ടി ആളപായമില്ല. നാല് വീടുകള്‍ പൂര്‍ണ്ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതു വഴിയുള്ള ഗതാഗതവും താറുമാറായി. കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയായിരുന്നു ഇവിടെ. കേരള - തമിഴ്നാട് അതിര്‍ത്തിയിലെ ഈ കുടിയേറ്റ ഗ്രാമത്തില്‍, ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഇനിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ സ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Sunday, October 29, 2006

ചോക്കാട്ട് കൈയേറ്റ ഭൂമിയിലേക്ക് ഭൂരഹിതര്‍ മാര്‍ച്ച് നടത്തും

സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 20 ഏക്കറോളം സര്‍ക്കാര്‍ ഭൂമി റവന്യുമന്ത്രിയുടെ ഉത്തര്‍വുണ്ടായിട്ടും ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി.യു.സി.എല്ലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് നവമ്പര്‍ ഒന്നിന് മാര്‍ച്ച് നടക്കും. ഭൂമി ഉടന്‍ പതിച്ചു നല്‍കാന്‍ റവന്യുമന്ത്രി കെ.പി രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ ദേശം നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല്ലെന്ന് പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പൌരന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
1978 ല്‍ പാട്ടക്കരാ‍ര്‍ തീര്‍ത്ത ചോക്കാട്ടെ ഭൂമി കേരള ഫ്രാന്‍സിലിംഗ് എജുക്കേഷണല്‍ സൊസൈറ്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് കൈയടക്കി വെച്ചിരിക്കുന്നത്. നവമ്പര്‍ ഒന്നിന് നടക്കുന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. കെ അജിത, പി. സുരേന്ദ്രന്‍, കെ.കെ കൊച്ച്, ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ സംസാരിക്കും.

Saturday, October 28, 2006

കൃഷിമന്ത്രിക്ക് നിവേദനം നല്‍കി

ടി.കെ കോളനി കോഴിപ്ര മലയോര കര്‍ഷകസംഘം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് നിവേദനം നല്‍കി. മഹാളി രോഗം മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സബ്സിഡി നിരക്കില്‍ തുരിശ് വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘം ഭാരവഹികളായ കെ.ടി.സി ഇണ്ണി, ടി.കെ സജി, വിനോദ്, മാത്യു എന്നിവര്‍ പറഞ്ഞു.

അക്ഷരങ്ങള്‍ വരച്ചു പഠിക്കണ നേരത്ത്

ഉദിരംപൊയില്‍ പാറമ്മല്‍ മദ്രസത്തുല്‍ ഇസ്ലാഹിയ്യയിലെ വിദ്യാര്‍ത്ഥികളുടെ എഴുത്തുകളും വരകളും സമാഹരിച്ച് പുസ്തകരൂപത്തില്‍ പുറത്തിറക്കി. “അക്ഷരങ്ങള്‍ വരച്ചുപഠിക്കണനേരത്ത്“ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒമ്പത് കുട്ടികളാണ്.
നൂറോളം പേജുകളുള്ള പുസ്തകത്തില്‍ ചിത്രങ്ങളും അവയുടെ അറബിനാമങ്ങളും കുഞ്ഞുകഥകളും കവിതകളുമുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായങ്ങളെഴുതാന്‍ പ്രത്യേക സ്ഥലവും നല്‍കിയിട്ടുണ്ട്. റംസാന്‍ അവധിക്കാലത്തെ പ്രയത്നമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബേബിജുംന, മിനു നജ് വ, തസ്ലിയ എന്നിവര്‍ നേതൃത്വം നല്‍കി.

ട്രൈബല്‍ മൊബൈല്‍ യൂണിറ്റ് സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്നു.

നിലമ്പൂര്‍ ഗവ: താലൂക്ക് ആസ്പത്രിയിലെ ട്രൈബല്‍ മൊബൈല്‍ യൂണിറ്റും കുഷ്ഠരോഗ നിവാരണ യൂണിറ്റും സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്നു. നേരത്തെ ഓഫിസുണ്ടായിരുന്ന കെട്ടിടം കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ പുതിയ പേവാര്‍ഡ് കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊളിച്ചു നീക്കി. ഇതേത്തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ക്കും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ നിലവിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികള്‍ താല്‍കാലികമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇവിടെ വേണ്ടത്ര സൌകര്യമില്ല. മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല. കുഷ്ഠരോഗ നിവാരണ യൂണിറ്റിന്റെ ഓഫീസ് സാമഗ്രികള്‍ പേവാര്‍ഡിന്റെ ഇടവഴിയിലും മറ്റുമാണ് സൂക്ഷിച്ചിട്ടുള്ളത്.

Saturday, October 21, 2006

നിലമ്പൂര്‍ എക്സ്ചേഞ്ച് ഒ.സി.ബി സ്വിച്ചിങ്ങ് സംവിധാനത്തിലേക്ക് മാറി

നിലമ്പൂര്‍ സി ഡോട്ട് ടെലിഫോണ്‍ എക്സ്ചേഞ്ച് ഒ.സി.ബി സ്വിച്ചിങ് സംവിധാനത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നവമ്പര്‍ ഒന്നു മുതല്‍ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിന്റെ ഔദ്യോഗികമായ ഉല്‍ഘാടനം ടെലികോം ജനറല്‍ മാനേജര്‍ നിര്‍വഹിച്ചു.
ഒ.സി.ബി സ്വിച്ചിങ് സംവിധാനം നിലവില്‍ വന്നാല്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാനാവും. നിലവില്‍ നിലമ്പൂര്‍ എക്സ്ചേഞ്ചിന് കീഴില്‍ 6500 കണക്ഷനുകളാണുള്ളത്. ഇത് 7500 ആയി ഉയര്‍ത്താനാവും. കൂടാതെ എല്ലാ കണക്ഷനുകള്‍ക്കും കോളര്‍ ഐഡി നല്‍കാനാകും. ഇടിമിന്നലിലുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍‍നെറ്റ് കണക്ഷന്‍ ചുങ്കത്തറ, എടക്കര,പൂക്കോട്ടുംപാടം, കാളികാവ് കരുവാരകുണ്ട് എന്നിവിടങ്ങളില്‍ കൂടി നല്‍കാന്‍ കഴിയും. എടക്കര എക്സ്ചേഞ്ചും ഒ.സി.ബി സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്ന് വരികയാണ്.

Wednesday, October 11, 2006

വീടുകളിലെ ശോച്യാവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും ചേനപ്പാടിയിലെ ആദിവസികള്‍ കോളനി വിട്ടു.

ചോക്കാട് വനത്തിനുള്ളിലെ ചേനപ്പാടി ആദിവസി കോളനിയിലുള്ളവര്‍ കുടിലുകളുടെ ശോച്യാവസ്ഥയും വന്യജീവികളുടെ ആക്രമണവും സഹിക്കവയ്യാതെ കോളനി വിട്ടു. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കോളനിയാണ് ചേനപ്പാടി.
കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്പനനടത്തി ഉപജീവനം കഴിച്ചിരുന്ന ആദിവസികള്‍ക്ക് കനത്ത മഴയില്‍ ജീവിതം കടുത്ത പ്രയാസമായിരുന്നെന്ന് ആരോഗ്യജീവനക്കാര്‍ പറയുന്നു. ദാരിദ്ര്യത്തിലായ ആദിവാസികള്‍ ഭക്ഷണം തേടിയാണ് കുടുംബാംഗങ്ങളുമായി മലയിറങ്ങിയിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവരായി രേഖപ്പെടുത്തിയതിനാല്‍ കോളനിയിലെ ആറ് കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ല.
വീടിന്റെ അസ്ഥിവാരം പോലും സിമന്റ് കട്ടകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിന് തഴ്ചയില്ലാത്ത കക്കൂസ് കുഴികളും ജീവിതം ദുസ്സഹമാക്കുന്നു. തീരെ കഴിയാത്ത നാലു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോളനിയില്‍ നില്‍ക്കുന്നത്. കാട്ടാനകളും കാട്ടുപന്നികളും നിരന്തരമായി ശല്യം ചെയ്യുന്നുണ്ട്.

ചിങ്കകല്ല്, പെരിങ്ങപ്പാറ, സ്രാമ്പിക്കല്ല് എന്നിവിടങ്ങളിലേക്കാണ് കോളനിയിലുള്ളവര്‍ ഇറങ്ങിത്താമസിച്ചിരിക്കുന്നത്. ഓലകെട്ടിയുണ്ടാക്കിയ വീടുകളിലാണ് താമസം. കോളനിയിലെ ദുരിതാവസ്ഥ അധികാരികളുടെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിസൌകര്യം പോലുമില്ലാത്ത കോളനിയില്‍ കൃത്യസമയത്ത് പോകുന്നതും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും ചോക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും മെഡിക്കല്‍ ഓഫീസര്‍മാരുമാണ്

Tuesday, October 10, 2006

മഴവില്‍കൂടാരം ശ്രദ്ധേയമാവുന്നു

ഒഴിവുകാലം ഉത്സവമാക്കി കുരുന്നുകള്‍ മഴവില്‍കൂടാരത്തില്‍ ഒരുമിച്ച് കൂടുന്നു. കാളികാവ് ബസാര്‍ ജി.യു.പി സ്കൂളിലെ കുട്ടികളാണ് മഴവില്‍ കൂടാരത്തില്‍ ഒത്തുകൂടുന്നത്. കവിത, യോഗ, ആരോഗ്യപരിപാലനം, കഥാരചന കരകൌശലവൈദ്ഗ്ധ്യം, നാ‍ടന്‍ പാട്ട്, ചിത്രരചന എന്നീവിഷയങ്ങളാണ് മഴവില്‍കൂടാരത്തിലുള്ളത്.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ നിന്നായി 150 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ഒരു മാസം നീണ്ടുനില്‍ക്കും. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് യുണൈറ്റഡ് പ്രിപ്രൈമറി ട്രെയ്നികളുടെ നേതൃത്വത്തില്‍ കോച്ചിംഗ് ക്ലാസ് നല്‍കുന്നു. ചരിത്ര-സാംസ്കാരിക‌-സാമൂഹ്യ ബോധം വളര്‍ത്താനായി സിനിമാ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. കവി ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്തു.
ബഷീര്‍ അമരമ്പലം, കെ കൃഷ്ണവാര്യര്‍, ഡോ. ലത്തീഫ് പടിയത്ത്, സുരേഷ് കൂടേരി, അബ്ദുള്ള കെ.വി, കെ സലീല, ശിഹാബ് പറാട്ടി, ജോസി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
.

വ്രതാചരണത്തിന്റെ നാളുകളിലും കാല്പന്തുകളിയുടെ ഹരം

റംസാന്‍ വ്രതചരണത്തിന്റെ നാളുകളിലും മലപ്പുറത്ത് കാല്പന്തുകളിയുടെ ആരവം നിലയ്ക്കാതെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. നോമ്പെടുക്കുന്നവര്‍ക്ക് കൂ‍ടുതല്‍ ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില്‍ തന്നെയാണ് ഫൂട്ബോള്‍ കളി. ഓക്ടോബര്‍ 25 മുതല്‍ ജില്ലയില്‍ തുടങ്ങാനിരിക്കുന്ന അഖിലേന്ത്യാ സെവന്‍സുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് പുറമെ കാളികാവില്‍ റംസാന്‍ ടൂര്‍ണ്ണമെന്റ് തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടിലെ ഫൂട്ബോള്‍ പ്രേമികളാണ് സംഘാടകര്‍. നോമ്പ് തുറക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തീരുന്ന തരത്തിലാണ് കളി നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് മണിക്ക് തന്നെ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. സൌജന്യമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കമ്പക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

Monday, October 09, 2006

പാന്‍ മസാല നിരോധിച്ചു

ചോക്കാട് ഗ്രാമപഞ്ചായത്തില്‍ പാന്‍മസാല, പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു.

Sunday, October 08, 2006

മൊബൈല്‍ ടവര്‍ കമ്മീഷന്‍ ചെയ്തില്ല: നാട്ടുകാര്‍ സമരത്തിന്

ചോക്കാട് കാഞ്ഞിരമ്പാടത്ത് ഒരു വര്‍ഷം മുമ്പ് പണിപൂര്‍ത്തിയായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കമ്മിഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. കല്ലാമൂല, ചോക്കാട്, പെടയന്താള്‍, മമ്പാട്ടുമൂല, കൂരാട്, പുല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലൊന്നും മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നില്ല. വയര്‍ ലെസ് ഫോണുകള്‍ പലയിടത്തും നിശ്ചലമാണ്. ലാന്‍ഡ് ഫോണ്‍ കണക്ഷനും ലഭിക്കുന്നില്ല. പൂക്കോട്ടും പാടം എക്സ്ചേഞ്ചിന് കീഴിലാണ് ഈ പ്രദേശം ഉള്‍പെടുക. ലാന്ഡ് ഫോണിനുള്ള അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ടവര്‍ ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നാ‍വശ്യം ശക്തമായത്. ഇതേത്തുടര്‍ന്ന് ജനകീയ സമിതി രൂപവല്‍കരിച്ചു. പൈനാട്ടില്‍ അഷറഫ്, പി.സുന്ദരന്‍, യു.പി. ചന്ദ്രന്‍, എം. മുഹമ്മദ്, രാജേഷ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ടവര്‍ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍, ഡിവിഷണല്‍ എഞ്ചിനിയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

Wednesday, October 04, 2006

നിലമ്പൂര്‍ ആയിഷയുടെ കഥയുമായി “അഭിനേത്രി”



നാടകം ജീവിതത്തെ തൊട്ടുണര്‍ത്തിയ ഒരു കാലത്തിന്റെ ഓര്‍മകളും ആവേശവും വെളിപ്പെടുത്തിക്കൊണ്ടുള്ള ‘അഭിനേത്രി’ എന്ന നിലമ്പൂര്‍ ആയിഷയെ കുറിച്ചുള്ള ചിത്രം പൂര്‍ത്തിയായി. കാലം കടന്ന് പോവുകയും നാടും നാടകവും മാറിമറിയുകയും ചെയ്തിട്ടും സമൂഹം ഒരു നാടക നടിയെ എങ്ങനെ പരിഗണിക്കുന്നു എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ആയിഷ വരുന്നത്. ആ കഥയുടെ രേഖപ്പെടുത്തലാണ് ‘അഭിനേത്രി’.
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എ.വി. ശശിധരനാണ്. രവി പട്ടുരായ്ക്കല്‍, ബാബു കാക്കനാട്ട്, ഒ.വി. സുധീര്‍, മുകുന്ദനുണ്ണി, മഹേഷ് നാരായണന്‍, രശ്മി സതീഷ്, സുരേഷ് ടി.വി, വിനോദ് ഗാന്ധി, ഒറ്റാലി സുരേഷ്, ഇമ ബാബു തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.