Monday, April 20, 2009

മലയോരത്ത്‌ വില്‌പനക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നത്‌ സ്‌ത്രീകള്‍

കാളികാവ്‌: മലയോരഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ ലോബിയുടെ മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നത്‌ സ്‌ത്രീകളെന്ന്‌ നിയമപാലകര്‍ പറയുന്നു. മൊത്തവ്യാപാരികള്‍ക്കും ചില്ലറക്കച്ചവടക്കാര്‍ക്കും കഞ്ചാവ്‌ എത്തിച്ചുകൊടുക്കുക എന്ന ഭാരിച്ച ചുമതലയാണ്‌ സ്‌ത്രീകള്‍ക്കുള്ളത്‌. സ്‌ത്രീകളെ പരസ്യമായി പിടികൂടുന്നതിന്‌ നിയമതടസ്സമുള്ളത്‌ മുതലെടുത്താണ്‌ കഞ്ചാവ്‌ലോബി സ്‌ത്രീകളെ ഇടനിലക്കാരായി വെച്ചിട്ടുള്ളതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 
അട്ടപ്പാടി, മണ്ണാര്‍ക്കാട്‌, ഇടുക്കി എന്നീ ഭാഗങ്ങളില്‍ നിന്ന്‌ ആഴ്‌ചയില്‍ ഒരിക്കലാണ്‌ മലയോരത്തേക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നത്‌. കൂടുതല്‍ ദൂരമുള്ള യാത്രകളില്‍ പല സ്‌ത്രീകളിലൂടെ കൈമാറ്റം നടത്തിയാണ്‌ മൊത്തവ്യാപാരികള്‍ക്ക്‌ സാധനം എത്തിച്ചുകൊടുക്കുന്നത്‌. ഉത്‌പന്നത്തിന്റെ ഗുണനിലവാരത്തിനനുസരിച്ച്‌ വേര്‍തിരിച്ച കഞ്ചാവ്‌ പൊതികള്‍ ഗ്രാമപ്രദേശങ്ങളിലെ ചില്ലറവ്യാപാരികള്‍ക്ക്‌ പിന്നീട്‌ എത്തിക്കുന്നതും സ്‌ത്രീകളിലൂടെ തന്നെയാണ്‌. മൊത്തക്കച്ചവടക്കാര്‍ക്ക്‌ നേരെ അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വിവരങ്ങള്‍ കൈമാറേണ്ടതും ഇവരുടെ ചുമതലയാണ്‌. 

മലയോരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ ലോബിയുടെ മുഖ്യകണ്ണിയായ ചോക്കാട്‌ സ്രാമ്പിക്കല്ലിലെ വീരാന്‍കുട്ടി ശനിയാഴ്‌ച കഞ്ചാവുശേഖരവുമായി പിടിയിലായിരുന്നു. പൂക്കോട്ടുംപാടം ചുള്ളിയോടില്‍ ഇയാള്‍ നടത്തുന്ന കോഴിക്കടയില്‍നിന്നാണ്‌ എകൈ്‌സസ്‌ അധികൃതര്‍ കഞ്ചാവ്‌ കണ്ടെത്തിയത്‌. അറസ്റ്റുചെയ്‌ത്‌ വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിന്‌ കൊണ്ടുവന്ന പ്രതി, പരിസരം നിരീക്ഷിക്കുന്നതില്‍ പിഴവ്‌ വരുത്തിയതുകൊണ്ടാണ്‌ പിടിയിലായതെന്ന്‌ പറഞ്ഞ്‌ ഭാര്യയെ പരസ്യമായി ശകാരിച്ചിരുന്നു. 
മലയോരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ലോബിയുടെ ഇടനിലക്കാര്‍ സ്‌ത്രീകളാണെന്ന്‌ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതാണ്‌. കരുവാരക്കുണ്ട്‌, കേരള, കാളികാവ്‌, ചോക്കാട്‌, പൂക്കോട്ടുംപാടം, നിലമ്പൂര്‍, കരുളായി ഭാഗങ്ങളിലാണ്‌ സ്‌ത്രീകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്‌. പരസ്യമായി കഞ്ചാവ്‌ വാഹകരായി പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന്‌ നാട്ടുകാരും മദ്യ-മയക്കുമരുന്ന്‌ വിരുദ്ധ സമിതി പ്രവര്‍ത്തകരും അധികൃതരോട്‌ ആവശ്യപ്പെട്ടു

No comments: