Sunday, April 19, 2009

സാമ്പത്തിക പ്രതിസന്ധി കാളികാവില്‍ അഞ്ച്‌ കടകള്‍ പൂട്ടി; ജില്ലയില്‍ തമിഴ്‌നാട്‌ വ്യാപാരലോബി പിടിമുറുക്കുന്നു

കാളികാവ്‌: ആഗോള സാമ്പത്തിക പ്രതിസന്ധി ജില്ലയിലും അനുഭവപ്പെട്ടുതുടങ്ങി. വ്യാപാരസ്ഥാപനങ്ങളെയാണ്‌ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്‌. വ്യാപാരമേഖലയില്‍ ബാധിച്ച പ്രതിസന്ധി മുതലെടുക്കാനായി തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരലോബി ജില്ലയില്‍ പിടിമുറുക്കിത്തുടങ്ങിയിട്ടുണ്ട്‌. കച്ചവടമാന്ദ്യത്തെത്തുടര്‍ന്ന്‌ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരസ്ഥാപനങ്ങളിലെ വസ്‌തുക്കള്‍ തമിഴ്‌നാട്‌ വ്യാപാരലോബി ചുളുവിലക്ക്‌ ഏറ്റെടുത്ത്‌ വിറ്റഴിക്കല്‍ വില്‍പന നടത്തി ലാഭംകൊയ്യുകയാണ്‌ ചെയ്യുന്നത്‌. 
വിദേശനാടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ്‌ ജില്ലയിലെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നത്‌. കാര്‍ഷിക ഉത്‌പാദനം കുറഞ്ഞതും കാര്‍ഷിക ഉത്‌പന്ന വിലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതുംമൂലം ജില്ലയിലെ മലയോര ഗ്രാമങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്‌. കച്ചവടമാന്ദ്യത്തെത്തുടര്‍ന്ന്‌ കടബാധ്യത പെരുകി മലയോരഗ്രാമമായ കാളികാവില്‍ മാത്രം ഇതിനോടകം അഞ്ച്‌ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ട്‌. മൂന്ന്‌ തുണിക്കടകളും രണ്ട്‌ ഫാന്‍സി ഗിഫ്‌റ്റ്‌ ഹൗസുകളുമാണ്‌ പൂട്ടിയിട്ടുള്ളത്‌. നിത്യോപയോഗ വസ്‌തുക്കള്‍ അല്ലാത്തവയുടെ ഉപഭോഗം കുറഞ്ഞതാണ്‌ ഫാന്‍സി, തുണി വ്യാപാരികളെ പ്രയാസത്തിലാക്കിയിട്ടുള്ളത്‌. 

ദൈനംദിന ചെലവുകള്‍പോലും കണ്ടെത്താന്‍ കഴീയാത്തതിനെത്തുടര്‍ന്നാണ്‌ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിയതെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. വിദേശത്തുള്ളവരുടെ ജോലി നഷ്ടപ്പെട്ടതും ഭൂരിഭാഗം പേരുടെ ശമ്പളം സ്‌പോണ്‍സര്‍മാര്‍ ഗണ്യമായി വെട്ടിക്കുറച്ചതുമാണ്‌ ജില്ലയിലേക്കുള്ള വിദേശപണത്തിന്റെ ഒഴുക്കുകുറയാന്‍ കാരണമായത്‌. മാന്ദ്യം ബാധിച്ചതോടെ കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്‌. വിദേശപ്പണം കുറഞ്ഞത്‌ നിര്‍മാണമേഖലയെയും കാര്‍ഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്‌. ഇത്‌ തൊഴിലാളികുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെയും തകര്‍ത്തിരിക്കുകയാണ്‌. 

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്‌ പതിവിലും നേരത്തെ നിര്‍ത്തിയ ടബ്ബര്‍ ടാപ്പിങ്‌ പെട്ടെന്ന്‌ പുനരാരംഭിക്കാന്‍ കഴിഞ്ഞാല്‍ മലയോരവാസികള്‍ക്ക്‌ തെല്ല്‌ ആശ്വാസമാകും. കച്ചവടമാന്ദ്യത്തിനൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിഷ്‌കരണവും വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്‌ഫീസ്‌ വര്‍ധിപ്പിച്ചതും വ്യാപാരികള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. 
ഈ സാഹചര്യങ്ങള്‍ മുതലെടുത്ത്‌ ചൂഷണക്കണ്ണോടെ തമിഴ്‌നാട്‌ വ്യാപാരലോബി ജില്ലയില്‍ പിടിമുറുക്കിയിട്ടുണ്ട്‌. മൊത്തക്കച്ചവടമാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന്‌ ഗുണനിലവാരംകൂടിയ ഉത്‌പന്നങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുപോവുകയും മറ്റുള്ളവ വിലകുറച്ച്‌ കടകളില്‍ വെച്ചുതന്നെ വിറ്റഴിച്ച്‌ കട കാലിയാക്കി കൊടുക്കുകയുമാണ്‌ ചെയ്യുന്നത്‌. വാടകയില്ലാത്ത സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന കാളികാവിലെ ഏറ്റവും വലിയ തുണിക്കടപോലും അടച്ചത്‌ കച്ചവടമാന്ദ്യംകൊണ്ട്‌ മാത്രമാണ്‌. സാമ്പത്തികപ്രതിസന്ധി പിടിപെട്ട്‌ തുടങ്ങിയതോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരമുള്ള ജോലി എടുക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്‌. 
സാഹചര്യം മുതലെടുത്താണ്‌ തമിഴ്‌നാട്‌ വ്യാപാരലോബി രംഗത്ത്‌ വന്നിട്ടുള്ളതെങ്കിലും കടക്കെണിമൂത്ത വ്യാപാരികള്‍ ആശ്വാസമായിട്ടാണ്‌ ഇതിനെ കാണുന്നത്‌

No comments: