കാളികാവ്: കാളികാവ് പഞ്ചായത്തിലെ അടയ്‌ക്കാക്കുണ്ട് പട്ടാണിതരിശ് കോളനിയില്‍ വേനല്‍ക്കാറ്റില്‍ മൂന്ന് വീടുകള്‍ തകര്‍ന്ന് ഗര്‍ഭിണി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കുപറ്റി. നെച്ചിനെച്ചി മുണ്ടിച്ചി, ചുള്ളിക്കുളവന്‍ രാമന്‍, ചെമ്പത്തി നീലി എന്നിവരുടെ വീടുകളാണ് തകര്‍ന്നിട്ടുള്ളത്. ചുള്ളിക്കുളവന്‍ രാമന്റെ വീട്ടിലുണ്ടായിരുന്ന മകന്‍ സുബ്രഹ്മണ്യന്‍, മകന്റെ ഭാര്യയും ഗര്‍ഭിണിയുമായ സജീഷ, മകള്‍ രജിത, നെച്ചിനെച്ചി മുണ്ടിച്ചി എന്നിവര്‍ക്കാണ് വീടിന്റെ മേല്‍ക്കൂര പൊട്ടിവീണ് പരിക്കേറ്റത്. ഇവരെ കാളികാവ് സര്‍ക്കാര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് മലയോരഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചത്. പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റിലെ മരങ്ങള്‍ കടപുഴകിയും പൊട്ടിവീണുമാണ് പട്ടാണി തരിശ് കോളനിയിലെ വീടുകള്‍ തകര്‍ന്നത്. കോളനിയിലെ ആരാധനാലയമായ മരബാരി അമ്മന്‍കോവിലിന്റെ മേല്‍ക്കൂര മരങ്ങള്‍വീണ് പൂര്‍ണമായും അടയ്‌ക്കാക്കുണ്ട് ഹൈസ്‌കൂള്‍പടി കോളനിയിലെ മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പുളിക്കല്‍ ഖദീജ, പടിക്കല്‍ ശങ്കരന്‍, ചെന്നയന്‍ സരോജിനി എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ പറ്റിയിരിക്കുന്നത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടിവീഴുന്ന ശബ്ദംകേട്ട് വീടുകളില്‍നിന്ന് കോളനിക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മേല്‍ക്കൂരകള്‍ തകര്‍ന്ന് ഓടും മരവും ദേഹത്തുവീണാണ് നാലുപേര്‍ക്കും മുറിവേറ്റത്. ഒന്നിലേറെ മരങ്ങള്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് വീടകളുടെ മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എസ്റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ വീണ് തകര്‍ന്ന പട്ടാണിതരിശ് കോളനിയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിനാവശ്യമായ നടപടി എടുക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റ് ഡെപ്യൂട്ടി മാനേജര്‍ ദീപക് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment