Saturday, September 09, 2006

കാളികാവ് പി എച്ച് സി യിലെ ഡോക്ടറെയും ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞു

കഴിഞ്ഞ ദിവസം നാട്ടുകാര്‍ അടച്ചുപൂട്ടിയ പി എച്ച് സി യില്‍ ഡ്യുട്ടിക്കെത്തിയ ഡോക്ടറടക്കമുള്ള ജീവനക്കരെ നാട്ടുകാര്‍ ഗേറ്റിന് സമീപം തടഞ്ഞു. ജീവനക്കാര്‍ കൂട്ടമായി ആശുപത്രിയിലെത്താത്തതിനെ തുടര്‍ന്ന് അനാഥാവസ്ഥയിലായതില്‍ പ്രകോപിതാരായാണ് നാട്ടുകാര്‍ വ്യാഴാഴ്ച രാത്രി ആശുപത്രി ഗേറ്റ് പൂട്ടിയത്. ആശുപത്രിക്കകത്ത് തെരുവ് നായ്ക്കള്‍ പ്രസവിച്ച് കിടന്നിട്ടും ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച നാട്ടുകാര്‍ വീണ്ടും സംഘടിച്ച് ഗേറ്റില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. അതിനിടെയെത്തിയ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള രണ്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും നാട്ടുകാര്‍ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു നിര്‍ത്തി. ശോച്യാവസ്ഥ പരിഹരിച്ചിട്ട് മതി മേലില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. വിവരമറിഞ്ഞ് വണ്ടുര്‍ എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍, കാളികാവ് പോലീസ് രംഗത്തെത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. അതോടെ ഒ.പി ചികിത്സക്കെത്തിയ രോഗികളെ നാട്ടുകാരുടെ ചെലവില്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചു. ഉച്ചയോടെ ഡി എം ഒ ഇന്‍ചാര്‍ജ് കെ.എ ദിനേശ് സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നത്തിന് താല്‍കാലികമായി പരിഹാരമായത്.

No comments: