Monday, November 13, 2006

പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു

നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികള്‍ അയവിറക്കിക്കൊണ്ട് പുല്ലങ്കോട് എസ്റ്റേറ്റ് നൂറാം വാര്‍ഷികം ആഘോഷിച്ചു. ഇന്ത്യയില്‍ റബര്‍ കൃഷി ആരംഭിച്ചത് പുല്ലങ്കോട് എസ്റ്റേറ്റിലായിരുന്നുവെന്ന് സമ്മേളനം ഉല്‍ഘാടനം ചെയ്ത ടി.കെ ഹംസ പറഞ്ഞു. ബ്രിട്ടീഷുകാരാണ് ആദ്യമായി റബര്‍ കൃഷി തുടങ്ങിയത്. ആയിരത്തില്‍പരം ഏക്കര്‍ മലവാരം റബര്‍ കൃഷി, ആയിരക്കണക്കിന് തൊഴിലാളികള്‍ മണ്ണില്‍ അധ്വാനിച്ചു കനകം വിളയിച്ചു.
നീലഗിരിയുടെ വുഡ്ബ്രിയര്‍ എസ്റ്റേറ്റ് മാനേജരായിരുന്ന സാമുവല്‍ കേംബ്രിഡ്ജ് ലിബന്‍ റൂഡറാണ് പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപകന്‍. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം പാട്ടത്തിനെടുത്താണ് ബ്രിട്ടീഷുക്കാര്‍ റബര്‍ കൃഷി തുടങ്ങിയത്. സൈലന്റ് വാലിയോട് ചേര്‍ന്ന ജൈവസമ്പന്നമായ പുല്ലങ്കോട് പ്രദേശത്ത് 2000 ഏക്കര്‍ റബര്‍ എസ്റ്റേറ്റ് മലയോര കര്‍ഷകര്‍ക്ക് മാതൃകയായിരുന്നു. ലീബന്‍ റൂഡറും കൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനി ഉടമകളായ ഡബ്ല്യു.എന്‍.ബ്ലാക്ക്, ഇ.എച്ച്.ബ്ലാക്ക് എന്നിവരെ കൂടി പങ്കാളികളാക്കി 4000 ഏക്കര്‍ പ്രദേശത്തുകൂടി റബര്‍ കൃഷി വിപുലീകരിച്ചു. 1906 ലായിരുന്നു ഇത്. സ്വതന്ത്ര്യസമരാഗ്നി കത്തിപ്പടരുകയും ബ്രിട്ടീഷ് വിരുദ്ധകലാപം കൊടുമ്പിരികൊള്ളുകയും ചെയ്ത കാലഘട്ടത്തില്‍ എസ്റ്റേറ്റ് മനേജരായിരുന്ന ഈറ്റന്‍ സായിപ്പിനെ കലാപകാരികള്‍ എസ്റ്റേറ്റില്‍ വെച്ച് വധിക്കുകയും തലയറുത്ത് കുന്തത്തില്‍ നാട്ടി കാ‍ളികാവില്‍ പ്രദര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പഴും ആയിരത്തില്‍പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. തിരുവിതാംകൂര്‍ രാജവംശത്തിലെ മാര്‍ത്താണ്ഡവര്‍മ്മയാണ് കമ്പനി ചെയര്‍മാന്‍.

No comments: