Monday, March 30, 2009

സ്വര്‍ണമെന്ന്‌ തെറ്റിദ്ധരിച്ച്‌ ദേവാലയത്തില്‍ നിന്നുംമോഷ്ടിച്ച വസ്‌തുക്കള്‍ പുഴയില്‍ ഉപേക്ഷിച്ചനിലയില്‍

പൂക്കോട്ടുംപാടം: സ്വര്‍ണമെന്ന്‌ തെറ്റിദ്ധരിച്ച്‌ മോഷ്ടിച്ച വസ്‌തുക്കള്‍ പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം പായമ്പാടം മൂച്ചിക്കല്‍ കടവിനുസമീപം കോട്ടപ്പുഴയിലാണ്‌ ദേവാലയത്തില്‍നിന്നും മോഷ്ടിച്ച വസ്‌തുക്കള്‍ കണ്ടെത്തിയത്‌. ആരാധനയ്‌ക്കുപയോഗിക്കുന്ന നാലുസെറ്റ്‌ കാസയും പിലാസയും കുര്‍ബാന സൂക്ഷിക്കുന്ന അരളിക്ക, ധൂപക്കുറ്റി, തൂക്കുവിളക്കുകള്‍, മെഴുകുതിരിക്കാല്‍, കുരിശ്‌, വീഞ്ഞ്‌ എന്നിവയാണ്‌ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്‌. ഓടും പിച്ചളയും കൊണ്ട്‌ നിര്‍മിച്ച പാത്രങ്ങളില്‍ സ്വര്‍ണം പൂശിയതുകണ്ട്‌ തെറ്റിദ്ധരിച്ചാണ്‌ മോഷണമെന്ന്‌ കരുതുന്നു. 

ഞായറാഴ്‌ച രാവിലെ എട്ടുമണിയോടെ കുളിക്കാനെത്തിയ പരിസരവാസികളാണ്‌ സംഭവം പോലീസിലറിയിച്ചത്‌. കാളികാവ്‌ എസ്‌.ഐ കെ.സി.ബാബു, എ.എസ്‌.ഐ കെ.ഗോവിന്ദന്‍, കെ.അച്യുതന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. 

ശനിയാഴ്‌ച രാത്രി ചുള്ളിയോട്‌ സെന്റ്‌മേരീസ്‌ ദേവാലയത്തില്‍നിന്നും മോഷ്ടിച്ച വസ്‌തുക്കളില്‍ കുരിശും തൂക്കുവിളക്കും നശിപ്പിച്ചനിലയിലാണുള്ളത്‌. കുരിശടിയും ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. മാര്‍ച്ച്‌ എട്ടിന്‌ ചോക്കാട്‌ സെന്റ്‌തോമസ്‌ മാര്‍ത്തോമാ ദേവാലയത്തിലും ഇതേരീതിയില്‍ മോഷണം നടന്നിരുന്നു. ആരാധനാലയങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്‌

No comments: