Thursday, April 02, 2009

കാട്ടാനകള്‍ മാഞ്ചോലയില്‍ വിളവുകള്‍ നശിപ്പിച്ചു

കാളികാവ്‌: കാളികാവ്‌ കരുവാരക്കുണ്ട്‌ പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ അടയ്‌ക്കാക്കുണ്ട്‌ മലവാരത്തില്‍ മലയോര കര്‍ഷകരും തോട്ടം തൊഴിലാളികളും കാട്ടാനശല്യംമൂലം ദുരിതത്തില്‍. അടയ്‌ക്കാക്കുണ്ട്‌ മാഞ്ചോലവാരത്തില്‍ കൃഷി ചെയ്‌തിരുന്ന വിലകൂടിയ വിളവുകള്‍കൂടി ആനക്കൂട്ടം നശിപ്പിച്ചതോടെ മലയോര കുടിയേറ്റ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌. തെന്നാടന്‍ സഹീര്‍, കൃഷ്‌ണന്‍കുട്ടി, ടൈലര്‍ ഷാജി, കടമ്പോടന്‍ മുഹമ്മദലി, പാന്ത്ര ജോസ്‌, ചെട്ട്യാര്‍, പാന്ത്ര മുഹമ്മദ്‌ എന്നിവരുടെ തോട്ടങ്ങളിലാണ്‌ വിളവുകളും കൃഷിയും നശിപ്പിച്ചിട്ടുള്ളത്‌. 
ആനശല്യത്തെത്തുടര്‍ന്ന്‌ റബ്ബര്‍ കൃഷി പൂര്‍ണമായും ഒഴിവാക്കി ആരംഭിച്ച ജാതി, ഗ്രാമ്പൂ, കുരുമുളക്‌ , കൊക്കോ തുടങ്ങിയ കൃഷിയും വിളവുകളുമാണ്‌ കഴിഞ്ഞദിവസം നശിപ്പിച്ചിരിക്കുന്നത്‌. കവുങ്ങിന്‍തോട്ടങ്ങളില്‍ ആനക്കൂട്ടം താവളം ഉറപ്പിച്ചിരിക്കുകയാണ്‌. 
വേനല്‍ രൂക്ഷമായി കുടിവെള്ളം കിട്ടാതെയായതോടെയാണ്‌ ആനകള്‍ കാട്‌ വിട്ടിറങ്ങുന്നതും കൃഷിയിടങ്ങളില്‍ പരാക്രമം നടത്തുന്നതെന്നുമാണ്‌ അധികൃതര്‍ പറയുന്നത്‌. കവുങ്ങ്‌ തകര്‍ത്ത്‌ നീരോടുകൂടിയ കവുങ്ങിന്‍ചോറാണ്‌ വേനലില്‍ ആനകള്‍ ഭക്ഷിക്കുന്നത്‌. ഭക്ഷണം തികയാതെവരുമ്പോഴാണ്‌ ആനക്കൂട്ടം മറ്റു വിളവുകളിലേക്ക്‌ തിരിയുന്നത്‌. ആനശല്യം ഭയന്ന്‌ അടയ്‌ക്കാക്കുണ്ട്‌, കണ്ണത്ത്‌, കോഴിപ്ര മലവാരങ്ങളിലെ പല കര്‍ഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്‌. തരിശിട്ട്‌ കിടക്കുന്ന ഭൂമിയില്‍ വിളവ്‌ ഇറക്കണമെങ്കില്‍ വനമേഖലയെയും സ്വകാര്യ കൃഷിഭൂമികളെയും വേര്‍തിരിക്കാനുള്ള നടപടി ഇല്ലാതെ കഴിയില്ല എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. 
വിളവെടുപ്പ്‌ അടുത്ത കാലത്ത്‌ വിലകൂടിയ വിളവുകള്‍ നശിപ്പിക്കാനിടയായത്‌ മലയോര കര്‍ഷകരെ സാമ്പത്തികപ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ആനശല്യം കൂടിയതോടെ ചെറുകിട തോട്ടം തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്‌. 

No comments: