Monday, April 27, 2009

കാളികാവില്‍ ഗ്രാമീണ വൈദ്യുതീകരണ പ്രവൃത്തി മുടങ്ങി

കാളികാവ്‌: ഗ്രാമീണ മേഖലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഗ്രാമ പ്രദേശങ്ങളില്‍ വൈദ്യുതീകരണ പ്രവൃത്തി ഊര്‍ജിതമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃ ത പദ്ധതിയായ ആര്‍.ജി.ജി.ഇ.വൈയുടെ ഫണ്ട്‌ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്‌ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക്‌ തിരിച്ചടിയായത്‌. സംസ്ഥാന വൈദ്യുതിവകുപ്പില്‍നിന്ന്‌ അംഗീകാരം ലഭിക്കാതെ ഇരുന്നതിനാല്‍ രണ്ടുവര്‍ഷമായിട്ട്‌ ആര്‍.ജി.ജി.ഇ.വൈ ഫണ്ട്‌ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. 
2007ല്‍ താത്‌കാലികമായി നിര്‍ത്തിവെച്ച പദ്ധതി പുനരാരംഭിച്ചിട്ടില്ല. കാളികാവ്‌ സെക്ഷനു കീഴില്‍പ്പെടുന്ന കാളികാവ്‌, കരുവാരക്കുണ്ട്‌, തുവ്വൂര്‍, ചോക്കാട്‌ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ആര്‍.ജി.ജി.ഇ.വൈ പദ്ധതിയില്‍നിന്ന്‌ ആറുകോടിരൂപയിലേറെ ചെലവ്‌ വരുന്ന 140 പ്രവൃത്തികളുടെ രേഖയാണ്‌ കാളികാവ്‌ സെക്ഷനില്‍നിന്ന്‌ സമര്‍പ്പിച്ചിരുന്നത്‌. ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബ വീടുകള്‍ ആദ്യം വൈദ്യുതീകരിക്കുകയും തുടര്‍ന്ന്‌ മറ്റു വീടുകള്‍കൂടി വൈദ്യുതീകരിച്ച്‌ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. 
മാതൃകാപരമായ രീതിയില്‍ പദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 2007 ഏപ്രില്‍ അവസാനം ആര്‍.ജി.ജി.ഇ.വൈ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കാളികാവ്‌ സെക്ഷനു കീഴില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്‌. ഇതിനിടയില്‍ ഏപ്രില്‍ 13ന്‌ വേനല്‍ക്കാറ്റില്‍ മലയോരത്ത്‌ 500ല്‍ ഏറെ വൈദ്യുതിക്കാലുകള്‍ പൊട്ടുകയും ലൈന്‍ തകരുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന്‌ മുഖ്യപരിഗണന നല്‍കി ആര്‍.ജി.ജി.ഇ.വൈ പദ്ധതി ഒരുമാസത്തേക്ക്‌ നീട്ടുകയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ഗ്രാമീണമേഖലയിലെ സെക്ഷന്‍ ഓഫീസുകള്‍ക്ക്‌ ലഭിച്ചിട്ടില്ല. 
നേരത്തെ തയ്യാറാക്കി നല്‍കിയിട്ടുള്ള പദ്ധതിരേഖ അനുസരിച്ചുള്ള പ്രവൃത്തികള്‍ ഉപേക്ഷിച്ച മട്ടിലാണ്‌. തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആര്‍.ജി.ജി.ഇ.വൈ പദ്ധതിയുടെ ഫണ്ട്‌ വിനിയോഗിക്കാന്‍ തയ്യാറായാല്‍ത്തന്നെ പുതിയ പദ്ധതിരേഖ തയ്യാറാക്കി നല്‍കി അനുമതി നേടേണ്ടിവരും

No comments: