Thursday, April 30, 2009

മലയോരങ്ങളില്‍ ജലക്ഷാമം രൂക്ഷം; കാളികാവ്‌ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി

കാളികാവ്‌: കാളികാവ്‌ സര്‍ക്കാര്‍ ആസ്‌പത്രിയില്‍ കിടത്തിച്ചികിത്സ നിര്‍ത്തി. വെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ്‌ ചികിത്സയിലുണ്ടായിരുന്ന രോഗികളെ വിട്ടയച്ച്‌ കിടത്തിച്ചികിത്സ നിര്‍ത്തിയിട്ടുള്ളത്‌. ആസ്‌പത്രിവളപ്പിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്ന്‌ ഒരുമാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ്‌ ഇവിടെ കിടത്തിച്ചികിത്സ മുടങ്ങുന്നത്‌. 
രണ്ടുദിവസമായി പകല്‍സമയങ്ങളില്‍ രോഗികളെ നോക്കുന്നുണ്ട്‌. വൈകുന്നേരത്തെ ഇന്‍ജക്ഷന്‍കൂടി നല്‍കി രോഗികളെ വിട്ടയയ്‌ക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ആസ്‌പത്രിയിലെ ആവശ്യത്തിനുപുറമെ ഡോക്ടറുടെയും നഴ്‌സുമാരുടെയും രണ്ട്‌ ക്വാര്‍ട്ടേഴ്‌സുകളിലെ ആവശ്യങ്ങള്‍ക്കും കിണറ്റിലെ വെള്ളമായിരുന്നു ആശ്രയം. ഇവിടെ 10ല്‍ കൂടുതല്‍ രോഗികള്‍ കിടത്തിച്ചികിത്സയായും 200ല്‍ ഏറെ പേര്‍ ദിവസം ഒ.പി വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നുണ്ട്‌. 
കാളികാവ്‌, ചോക്കാട്‌. കരുവാരക്കുണ്ട്‌, തുവ്വൂര്‍ പഞ്ചായത്തുകളില്‍ കടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ ആസ്‌പത്രി കാളികാവിലാണ്‌. കിടത്തിച്ചികിത്സ നിര്‍ത്തിയതിനെത്തുടര്‍ന്ന്‌ രണ്ടുനേരവും ആസ്‌പത്രിയിലെത്തി കുത്തിവെപ്പ്‌ എടുക്കുന്ന രീതിയിലേക്ക്‌ ആസ്‌പത്രിയുടെ പ്രവര്‍ത്തനം മാറിയത്‌ രോഗികള്‍ക്ക്‌ ബുദ്ധിമുട്ടായിട്ടുണ്ട്‌. 
വെള്ളക്ഷാമത്തെത്തുടര്‍ന്ന്‌ മുമ്പ്‌ കിടത്തിച്ചികിത്സ നിര്‍ത്തിയപ്പോള്‍ ആസ്‌പത്രി കിണര്‍ രണ്ടുമീറ്റര്‍ താഴ്‌ത്തി വെള്ളം ലഭ്യമാക്കി പ്രശ്‌നം താത്‌കാലികമായി പരിഹരിക്കുകയായിരുന്നു. ജലദൗര്‍ലഭ്യം കണക്കിലെടുത്ത്‌ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആസ്‌പത്രിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചിട്ടുണ്ട്‌. മോട്ടോര്‍ സ്ഥാപിച്ച്‌ കുഴല്‍ക്കിണറില്‍നിന്ന്‌ വെള്ളം എടുക്കാനുള്ള സംവിധാനം പഞ്ചായത്ത്‌ അധികൃതര്‍ ഒരുക്കാത്തതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായിട്ടുള്ളത്‌. നിലവിലെ സ്ഥിതി പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ബദല്‍സംവിധാനം ഒരുക്കിയില്ലെങ്കില്‍ ക്വാര്‍ട്ടേഴ്‌സുകളിലെ താമസംപോലും മാറ്റേണ്ടിവരുമെന്നാണ്‌ ആസ്‌പത്രി ജീവനക്കാര്‍ പറയുന്നത്‌. വെള്ളക്ഷാമം പരിഹരിച്ചാല്‍ ഉടനെ കിടത്തിച്ചികിത്സ പുനരാരംഭിക്കുമെന്ന്‌ ആസ്‌പത്രി അധികൃതര്‍ അറിയിച്ചു

1 comment:

SREEJITH SEO said...

with regards,
Hi, this is really very nice blog, your content is very interesting and engaging, worth reading it. we are one of the best business software development company in kerala
I got to know a lot from your posts.
stay home,stay safe