Thursday, April 23, 2009

പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍

കാളികാവ്‌: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപ്രകാരം നടപ്പിലാക്കിയിരുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനപദ്ധതി അനിശ്ചിതത്വത്തില്‍. പദ്ധതിക്കുവേണ്ടി ഫണ്ട്‌ വിനിയോഗിക്കുന്നതിന്‌ നിയമതടസ്സം നിലനില്‍ക്കുന്നതാണ്‌ ഗ്രാമീണമേഖലയ്‌ക്ക്‌ തിരിച്ചടിയായിട്ടുള്ളത്‌. തിരഞ്ഞെടുപ്പും മന്ത്രിസഭാ മാറ്റവും പൂര്‍ത്തിയാകാതെ പ്രധാനമന്ത്രിയുടെ പദ്ധതികള്‍ക്കുവേണ്ടി ഫണ്ട്‌ വിനിയോഗിക്കാന്‍ കഴിയില്ല. 
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ നിര്‍മാണപദ്ധതി വികസനം എത്താത്ത ഗ്രാമീണമേഖലയ്‌ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയിരുന്നതാണ്‌. പദ്ധതിപ്രകാരം ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കുകയും പുനരുദ്ധാരണ പ്രവൃത്തിക്കുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. റോഡിന്റെ ഒരുഭാഗം സംസ്ഥാനപാതയിലൊ ദേശീയപാതയിലൊ ചെന്നെത്തുന്ന രീതിയിലുള്ള ഗ്രാമീണ റോഡുകളെയാണ്‌ പദ്ധതിപ്രകാരം പരിഗണിക്കുന്നത്‌. എട്ടുമീറ്റര്‍ വീതിയില്‍ റബറൈസ്‌ ചെയ്‌താണ്‌ റോഡ്‌ പുനര്‍നിര്‍മിക്കുന്നത്‌. 

ജില്ലയില്‍ പദ്ധതി ഏറ്റവും ഗുണകരമാകുമായിരുന്നത്‌ മലയോരമേഖലയിലാണ്‌. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മലയോര കുടിയേറ്റ കര്‍ഷകര്‍ക്കും വനാതിര്‍ത്തികളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും പ്രയോജനമാകും. മലയോരത്ത്‌ തുവ്വൂര്‍, കരുവാരക്കുണ്ട്‌ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരിമണല്‍ കുണ്ടിലാംപാടം റോഡ്‌, കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റ്‌, സി.ടി കല്‍ക്കുണ്ട്‌ റോഡ്‌, കല്‍ക്കുണ്ട്‌ പാലം, ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയിലേക്കുള്ള ചോക്കാട്‌ 40 സെന്റ്‌ കോളനി റോഡ്‌, കാളികാവ്‌, അമരമ്പലം, ചാലിയാര്‍, പോത്ത്‌കല്ല്‌ തുടങ്ങിയ പഞ്ചായത്തുകളില്‍ പദ്ധതിപ്രകാരം ഏറ്റെടുത്ത പ്രധാന റോഡുകളെല്ലാം ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്‌. 
ഗ്രാമീണ റോഡ്‌ നിര്‍മാണത്തിന്‌ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ വന്‍ തുക ചെലവഴിക്കാതെ കിടക്കുന്നുണ്ട്‌. ഭരണമാറ്റത്തിനുശേഷം പദ്ധതികളുടെ കാര്യത്തില്‍ മാറ്റം ഉണ്ടായാല്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി നടക്കില്ല. 

No comments: