Tuesday, April 07, 2009

മനോനില തെറ്റിയ അമ്മയുടെയും മകന്റെയും സംരക്ഷണം വനിതാകമ്മീഷന്‍ ഏറ്റെടുക്കും

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തില്‍ സ്രാമ്പിക്കല്ലിലെ പൂളക്കല്‍ ലക്ഷ്‌മിയുടെയും മകന്‍ അനിലിന്റെയും സംരക്ഷണം വനിതാകമ്മീഷന്‍ ഏറ്റെടുക്കുമെന്ന്‌ കമ്മീഷന്‍ അംഗം പി.കെ.സൈനബ പറഞ്ഞു. ഭക്ഷണം കിട്ടാതെ മനോനില തെറ്റിത്തുടങ്ങിയ ലക്ഷ്‌മിയുടെയും ജന്മനാ മനോവൈകല്യമുള്ള മകന്റെയും ദയനീയാവസ്ഥയെക്കുറിച്ച്‌ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിട്ടും ഇവര്‍ പട്ടിണി കിടന്ന്‌ നരകിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച ലക്ഷ്‌മിയുടെ വീട്‌ സന്ദര്‍ശിച്ച സൈനബ ആവശ്യമായ നടപടി എടുക്കുമെന്ന്‌ അറിയിച്ചത്‌. 
ഇരുവര്‍ക്കും മതിയായ ഭക്ഷണം നല്‍കിയശേഷം ലക്ഷ്‌മിയുടെ മനോനില വീണ്ടെടുക്കാനുള്ള ചികിത്സയും അനിലിന്‌ പരിചരണവും നല്‍കാനാണ്‌ വനിതാ കമ്മീഷന്റെ ഉദ്ദേശ്യം. ലക്ഷ്‌മിയുടെ കൈവശമുള്ള ഒരു ഏക്കറില്‍ കൂടുതലുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്‌ നിലനില്‍ക്കുന്ന നിയമതടസ്സം നീക്കി അത്‌ ഇരുവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും പി.കെ.സൈനബ പറഞ്ഞു. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനത്തില്‍ വനിതാ കമ്മീഷന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലായിരിക്കും ഇരുവരെയും ചികിത്സിപ്പിക്കുക. 
വനിതാകമ്മീഷന്റെ ഇടപെടലും നാട്ടുകാരുടെ സാന്ത്വനസ്‌പര്‍ശവും ദുരന്തംപേറുന്ന അമ്മയ്‌ക്കും മകനും തുണയായി. കുടുംബത്തിന്റെ ദുരിതാവസ്ഥ പുറംലോകം അറിഞ്ഞ്‌ രണ്ടുദിവസമായപ്പോഴേക്കും നിരവധി പേര്‍ പൂളക്കല്‍ തറവാട്ടിലെത്തി സഹായങ്ങള്‍ നല്‍കുന്നുണ്ട്‌. സ്വത്ത്‌ കൈകാര്യം ചെയ്യുന്നതിനുള്ള നിയമതടസ്സം നീങ്ങിക്കിട്ടിയാല്‍ തന്നെ ഇവരുടെ ദുരിതങ്ങള്‍ തീരുമെന്നാണ്‌ അയല്‍വാസികള്‍ പറയുന്നത്‌.

No comments: