Monday, April 06, 2009

കോഴിപ്ര മലവാരം ഭൂരഹിതര്‍ കൈയേറുമെന്ന്‌ റിപ്പോര്‍ട്ട്‌

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തിലെ പ്രധാന കാര്‍ഷികമേഖലയായ കോഴിപ്ര മലവാരം കൈയേറ്റഭീഷണിയിലെന്ന്‌ റിപ്പോര്‍ട്ട്‌. ഭൂരഹിതരായ സമരക്കാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ ആറിന്‌ കോഴിപ്ര മലവാരം പിടിച്ചടക്കി അവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. കോഴിപ്രയില്‍ റീസര്‍വെയെത്തുടര്‍ന്ന്‌ സ്വകാര്യ വ്യക്തികളില്‍നിന്ന്‌ റവന്യുവകുപ്പ്‌ തിരിച്ചുപിടിച്ച 14.5 ഏക്കര്‍ കൃഷിഭൂമി കൈയേറാനാണ്‌ ഭൂസമരക്കാരുടെ പദ്ധതി. 

14.5 ഏക്കര്‍ പിടിച്ചടക്കി അവകാശം സ്ഥാപിച്ചതിനുശേഷം ക്രമേണ ചോക്കാടന്‍ മലവാരത്തിലേക്കും പാട്ടവ്യവസ്ഥയിലുള്ള ജില്ലയിലെ ഏറ്റവും വലിയ തോട്ടംമേഖല കൂടിയായ പുല്ലങ്കോട്‌ റബ്ബര്‍ എസ്റ്റേറ്റിലേക്കും കൈയേറ്റം വ്യാപിപ്പിക്കാനും ഭൂസമരമുന്നണിക്ക്‌ പരിപാടിയുണ്ട്‌. ആസ്‌പിന്‍വാള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുല്ലങ്കോട്‌ എസ്റ്റേറ്റ്‌ 2008 മെയില്‍ കൈയേറാനുള്ള ശ്രമം നടന്നിരുന്നു. 
ഭൂസമര മുന്നണിയുടെ നേതൃത്വത്തില്‍ 300 ഭൂരഹിത കുടുംബങ്ങളാണ്‌ കൈയേറ്റസമരത്തില്‍ പങ്കെടുത്തിരുന്നത്‌. എസ്റ്റേറ്റ്‌ കൈയേറ്റസമരം പരാജയപ്പെടാനിടയായതിനെത്തുടര്‍ന്നാണ്‌ മിച്ചഭൂമിയായി കിടക്കുന്ന കോഴിപ്ര മലവാരം കൈയേറാനുള്ള നടപടി ഉണ്ടായിട്ടുള്ളതെന്ന്‌ ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 
ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്താനും നിരീക്ഷണം നടത്താനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പോലീസ്‌ കാവലിനുപുറമെ പുല്ലങ്കോട്‌ എസ്റ്റേറ്റില്‍ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംരക്ഷണസേനയുടെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്‌.

No comments: