Saturday, April 25, 2009

ബ്ലേഡ്‌ ഇടപാട്‌: പരാതി നല്‍കുന്നവര്‍ക്കെതിരെ കുടിയിറക്ക്‌ ഭീഷണി

കാളികാവ്‌: മലയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബ്ലേഡ്‌ മാഫിയക്കെതിരെ പരാതി നല്‍കുന്ന ഇടപാടുകാര്‍ക്ക്‌ നേരെ സംഘത്തിന്റെ ഭീഷണി. പണമിടപാടിന്‌ ഈടായി നല്‍കിയ ഭൂരേഖകള്‍ ഉപയോഗിച്ച്‌ പരാതി നല്‍കുന്ന ഇടപാടുകാര്‍ക്കെതിരെ കുടിയിറക്ക്‌ ഉള്‍പ്പെടെയുള്ള നടപടി എടുക്കുമെന്നാണ്‌ സംഘത്തിന്റെ ഭീഷണി. ഈടുവെച്ച മുഴുവന്‍ രേഖകളും പോലീസിന്‌ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇടപാടുകാരാരും പരാതിയുമായി പോലീസിനെ സമീപിക്കരുതെന്നും സംഘത്തിന്റെ ആളുകള്‍ ഇടപാടുകാരെ താക്കീത്‌ ചെയ്‌തിട്ടുമുണ്ട്‌. 
അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടായതോടെ വ്യക്തിപരമായി പണമിടപാട്‌ നടത്തിയിരുന്നവര്‍ സംഘടിക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലം ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ബ്ലേഡ്‌ സംഘങ്ങള്‍ നിയമപാലകരുടെ തന്നെ സഹായം തേടുന്നതായും ആരോപണമുണ്ട്‌. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ത്തന്നെ മലയോരത്തെ പോലീസ്‌സ്റ്റേഷനുകളില്‍ പണമിടപാട്‌ നടത്തിയവരാരും പരാതിയുമായി എത്തിയിട്ടില്ല.
നിശ്ചയിച്ച തുകയിലേറെ പലിശപ്പണം നല്‍കിയിട്ടും ഈട്‌ രേഖകള്‍ തിരിച്ചുനല്‍കാതെ ബ്ലേഡ്‌ സംഘങ്ങള്‍ ഇടപാടുകാരെ ചൂഷണം ചെയ്യുന്ന രീതിയാണുള്ളത്‌. കാളികാവ്‌, കരുവാരക്കുണ്ട്‌, ചോക്കാട്‌, പൂക്കോട്ടുംപാടം, നിലമ്പൂര്‍ തുടങ്ങിയ മേഖലയില്‍ 500-ല്‍ ഏറെ ബ്ലേഡ്‌ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ 10 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും മാത്രമാണ്‌ വ്യാഴാഴ്‌ച പോലീസ്‌ തിരച്ചില്‍ നടത്തിയത്‌. നടപടി ആസൂത്രിതമായി നടപ്പാക്കാന്‍ കഴിയാഞ്ഞതിനാല്‍ വന്‍ ഇടപാട്‌ സംഘങ്ങള്‍ റെയ്‌ഡില്‍ നിന്നും തുടര്‍നടപടികളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്‌തു. 
തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്പന്നരാണ്‌ മലയോരത്തെ ബ്ലേഡുകാര്‍ക്ക്‌ പണം എത്തിച്ചുകൊടുക്കുന്നത്‌. ബ്ലേഡുകാര്‍ വാങ്ങിയതിലേറെ പലിശനിരക്ക്‌ നിശ്ചയിച്ച്‌ ചെറിയ ഇടപാടുകാര്‍ക്ക്‌ വായ്‌പ നല്‍കുകയാണ്‌ ചെയ്യുന്നത്‌. പരാതി നല്‍കിയവരുടെ ജീവന്‍തന്നെ അപകടത്തിലാകുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്‌. 
പരാതിയുമായി വരുന്നവര്‍ക്ക്‌ പോലീസ്‌ സംരക്ഷണവും നിയമ പരിരക്ഷയും ഉറപ്പുനല്‍കുമെന്ന്‌ കാളികാവ്‌ എസ്‌.ഐ പറഞ്ഞു. സംഘത്തില്‍ നിന്ന്‌ ഭീഷണിയും താക്കീതും ഉള്ളതായി പരാതിയില്‍ സൂചിപ്പിച്ചാല്‍ ബ്ലേഡ്‌ സംഘങ്ങള്‍ക്കെതിരെ അനധികൃത പണമിടപാടിന്‌ പുറമെ വേറെ കേസുകള്‍ എടുക്കുമെന്നും പോലീസ്‌ പറഞ്ഞു

No comments: