Tuesday, April 14, 2009

നാട്ടുകാര്‍ തടഞ്ഞുവെച്ച സിദ്ധനെ പോലീസ്‌ രക്ഷപ്പെടുത്തി

കാളികാവ്‌: ചോക്കാട്‌ പഞ്ചായത്തില്‍ ഉദിരംപൊയിലില്‍ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച സിദ്ധനെ പോലീസ്‌ രക്ഷപ്പെടുത്തി വെറുതെ വിട്ടയച്ചു. ഉദിരംപൊയില്‍ പാറമ്മലിലെ ഒരു വീട്ടില്‍നിന്ന്‌ ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ മന്ത്രവാദത്തിനെന്നപേരിലെത്തിയ വ്യാജസിദ്ധനെന്ന്‌ സംശയിക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടിയത്‌. വീടിനുപുറത്ത്‌ കാവലായി നിന്നിരുന്ന അനുയായികളെ നാട്ടുകാര്‍ വിരട്ടിയോടിച്ചാണ്‌ സിദ്ധനെ പിടികൂടിയത്‌. 
മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ സിദ്ധനെ ഇതിനുമുമ്പ്‌ പലതവണ നാട്ടുകാര്‍ താക്കീത്‌ ചെയ്‌തിരുന്നു. താക്കീത്‌ വകവെക്കാതെ വീണ്ടും ഞായറാഴ്‌ച രാത്രി സിദ്ധന്‍ സ്ഥിരം സന്ദര്‍ശനസ്ഥലത്ത്‌ എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചാണ്‌ ഇയാളെ വീട്ടില്‍നിന്ന്‌ പിടിച്ചിറക്കിയത്‌. പിടികൂടിയ വ്യക്തിയെ ചോദ്യംചെയ്യാനായി പള്ളിക്കമ്മിറ്റിക്ക്‌ കൈമാറി ഉദിരംപൊയിലില്‍ കൊണ്ടുവന്നതോടെ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന്‌ പോലീസിനെ വിളിക്കുകയായിരുന്നു. കാളികാവ്‌ എസ്‌.ഐയുടെ നേതൃത്വത്തിലെത്തിയ പോലിസ്‌സംഘം സിദ്ധനെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. 
സിദ്ധന്‍ സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാര്‍ പിന്നീട്‌ ആളുകള്‍ പിരിഞ്ഞതിനുശേഷവും കൊണ്ടുപോയി. പരാതിക്കാരില്ലാത്തതിനെത്തുടര്‍ന്നാണ്‌ സിദ്ധനെ വിട്ടയച്ചതെന്നും പാറമ്മല്‍, ഉദിരംപൊയില്‍ പ്രദേശങ്ങളിലേക്ക്‌ സിദ്ധന്‍ പ്രവേശിക്കുന്നത്‌ വിലക്കിയിട്ടുണ്ടെന്നും കാളികാവ്‌ എസ്‌.ഐ കെ.സി. ബാബു പറഞ്ഞു

No comments: