Wednesday, April 29, 2009

മലയോരമേഖലയില്‍ പാചകവാതക വിതരണം സ്‌തംഭനത്തില്‍

പൂക്കോട്ടുംപാടം: മൂന്നുമാസത്തോളമായി അമരമ്പലം, ചോക്കാട്‌, കരുളായി പഞ്ചായത്തുകളില്‍ പാചകവാതക സിലിന്‍ഡറുകള്‍ ലഭിക്കുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലമ്പൂര്‍ ചന്തക്കുന്ന്‌ ഏജന്‍സിയാണ്‌ ഇവിടങ്ങളില്‍ പാചകവാതകവിതരണം നടത്തുന്നത്‌. പൂക്കോട്ടുംപാടത്തും സമീപപ്രദേശങ്ങളിലും ഫിബ്രവരി 9ന്‌ ശേഷം പാചകവാതകവിതരണം നടന്നിട്ടില്ല. എന്നാല്‍ ഹോട്ടലുകളിലും പാചകവാതക സിലിന്‍ഡര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും യഥേഷ്ടം ഇന്ധനം ലഭിക്കുന്നുണ്ട്‌. 
ഗ്യാസ്‌ ഏജന്‍സികളുടെ പരിസരങ്ങളില്‍ വെച്ചുതന്നെ കൂടുതല്‍ വിലയ്‌ക്ക്‌ ഇത്തരക്കാര്‍ക്ക്‌ മറിച്ചുവില്‍ക്കുന്നതുകൊണ്ടാണ്‌ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ പാചകവാതകം ലഭിക്കാത്തതെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. വിതരണവും പ്രതീക്ഷിച്ച്‌ മാസങ്ങളോളം വഴിയരികില്‍ നിരത്തിവെക്കുന്നതുമൂലം സിലിന്‍ഡറുകള്‍ മോഷണം പോകുന്നത്‌ പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു. 
വിറകിന്റെ ദൗര്‍ലഭ്യവും വിലക്കയറ്റവുംമൂലം പാചകവാതകത്തെയാണ്‌ മിക്കവീട്ടുകാരും ആശ്രയിക്കുന്നത്‌. വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാല്‍ പാചകവാതകം ലഭിക്കുന്നതിന്‌ 88 ദിവസങ്ങള്‍വരെ കാലതാമസം വന്നേക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 42,000 പരം ഉപഭോക്താക്കളുള്ള നിലമ്പൂര്‍ മേഖലയില്‍ മാസം 13,000 സിലിന്‍ഡറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത്‌ 9000ത്തില്‍താഴെ സിലിന്‍ഡറുകളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂവെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ചേളാരിയിലെ ഇലക്‌ട്രോണിക്‌ സംവിധാനത്തിന്റെ പ്രവര്‍ത്തനം ശരിയാകുന്നതോടെ പാചകവാതക വിതരണം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു

No comments: