Wednesday, April 15, 2009

ആഘോഷം നിറംമങ്ങി വിഷുപ്പുലരിയിലും മലയോരഗ്രാമങ്ങളില്‍ വൈദ്യുതിമുടങ്ങി

കാളികാവ്‌:വിഷുപ്പുലരിയില്‍ മലയോരഗ്രാമങ്ങള്‍ കണികണ്ടത്‌ ഇരുട്ടില്‍. മലയോരത്ത്‌ വൈദ്യുതി വിതരണം മുടങ്ങുകയും വാര്‍ത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്‌തതാണ്‌ വിഷുവിന്റെ ആഘോഷപ്പൊലിമ കുറച്ചത്‌. മലയോരത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വേനല്‍മഴയെ തുടര്‍ന്നാണ്‌ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്‌. പാണ്ടിക്കാട്‌, കാളികാവ്‌, പൂക്കോട്ടുംപാടം, വണ്ടൂര്‍ സെക്ഷന്‍ പരിധികളില്‍പ്പെടുന്ന പ്രദേശങ്ങളിലാണ്‌ വിഷുത്തലേന്നും വിഷുദിനത്തിലും വൈദ്യുതി മുടങ്ങിയത്‌. 
കാറ്റും മഴയും ഇല്ലാത്ത പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നു. തിങ്കളാഴ്‌ച രണ്ടിനാണ്‌ മലയോരത്ത്‌ മഴ തുടങ്ങിയത്‌. ശക്തമായ കാറ്റിലും മഴയിലും തുവ്വൂരില്‍ ആല്‍മരം കടപുഴകിവീണ്‌ വൈദ്യുതിലൈന്‍ പൊട്ടിയിരുന്നു. മലയോരഗ്രാമങ്ങളിലാകെ വൈദ്യുതി തടസ്സപ്പെടുകയും വാര്‍ത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്‌തത്‌ വിഷു വിപണികളെയും പ്രതികൂലമായി ബാധിച്ചു. ബി.എസ്‌.എന്‍.എല്‍ ലാന്‍ഡ്‌, മൊബൈല്‍ ലൈനുകളാണ്‌ തകരാറിലായത്‌. 
വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനാല്‍ വിദേശങ്ങളിലും പുറംനാടുകളിലും ജോലിചെയ്യുന്നവര്‍ക്ക്‌ കുടുംബങ്ങളുമായി ബന്ധപ്പെടാനും വിവരങ്ങള്‍ അറിയാനും കഴിഞ്ഞില്ല. രാത്രിയോടെ ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ഇടയ്‌ക്കിടെ വൈദ്യുതി മുടങ്ങി. മഴയും ഇടിയും കൂടിയായതോടെ എര്‍ത്ത്‌ ലൈനിലുണ്ടായ തകരാറാണ്‌ വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ്‌ അധികൃതരുടെ വിശദീകരണം. മലയോര സെക്ഷന്‍ ഓഫീസുകളില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതും ലൈന്‍ദൈര്‍ഘ്യം കുടുതലാവുകയും ചെയ്‌തതിനാല്‍ തകരാര്‍ കണ്ടെത്തി വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്‌. 

No comments: