Thursday, April 16, 2009

മൂന്നാമത്തെ പദ്ധതിയും മുടങ്ങി; മേലെ കാളികാവില്‍ കുടിവെള്ളം കിട്ടാക്കനി

കാളികാവ്‌: കാളികാവ്‌ പഞ്ചായത്തില്‍ മേലെകാളികാവ്‌ പ്രദേശത്ത്‌ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്നു. വൈദ്യുതി കുടിശ്ശികയെത്തുടര്‍ന്ന്‌ പ്രദേശത്തെ ജലനിധി പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചതോടെയാണ്‌ മേലെകാളികാവിലെ കുടുംബങ്ങള്‍ വെള്ളംകിട്ടാതെ ബുദ്ധിമുട്ടുന്നത്‌. കുന്നിന്‍പ്രദേശമായ മേലെ കാളികാവില്‍ 1997-98 പദ്ധതി വര്‍ഷത്തിലാണ്‌ പഞ്ചായത്ത്‌ ആദ്യകുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടത്തിയത്‌. രണ്ടുലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക്‌ പൈപ്പിടലും ജലസംഭരണി സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 
പദ്ധതിക്ക്‌ വെള്ളം ശേഖരിക്കല്‍ ലക്ഷ്യമിട്ടിരുന്ന സ്വകാര്യ റബര്‍ എസ്റ്റേറ്റിലൂടെ ഒഴുകുന്ന ചോലയില്‍നിന്ന്‌ വെള്ളം എടുക്കുന്നത്‌ ബന്ധപ്പെട്ടവര്‍ വിലക്കിയതിനെത്തുടര്‍ന്ന്‌ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വരള്‍ച്ച രൂക്ഷമായതിനാല്‍ വീണ്ടും 1999ല്‍ ഒരുലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച കുഴല്‍ക്കിണറില്‍നിന്ന്‌ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്‌തതോടെ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ പദ്ധതിയും ലക്ഷ്യം കാണാതെ പോയി. ഉയര്‍ന്ന പ്രദേശമായ മേലെ കാളികാവില്‍ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. 
ജലനിധി പദ്ധതി നടപ്പിലാക്കിത്തുടങ്ങിയതോടെ 2004ല്‍ ദലിത്‌ വിഭാഗക്കാരുള്‍പ്പെടെയുള്ള 68 നിര്‍ധനകുടുംബങ്ങള്‍ചേര്‍ന്ന്‌ കാരുണ്യവികസന സമിതി രൂപവത്‌കരിച്ച്‌ ആരംഭിച്ച ചെറുകിട കുടിവെള്ള പദ്ധതിയില്‍നിന്ന്‌ വെള്ളം ലഭിച്ചുതുടങ്ങിയത്‌ മേലെകാളിക്കാവിലുള്ളവര്‍ക്ക്‌ ആശ്വാസമായിരുന്നു. വൈദ്യുതിച്ചാര്‍ജിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന്‌ ഗുണഭോക്താക്കള്‍ക്ക്‌ പണം പിരിച്ചെടുക്കാന്‍ കഴിയാതെ കുടിശ്ശിക വര്‍ധിച്ചതാണ്‌ പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെട്ടത്‌. 
ജലനിധി പദ്ധതിക്ക്‌ വെള്ളം എടുക്കാനായി പാടത്ത്‌ കുഴിച്ച കിണറ്റിലെ വെള്ളത്തിന്‌ നിറംമാറ്റം വന്നതും ഗുണഭോക്താക്കളെ പദ്ധതിയില്‍നിന്ന്‌ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ട്‌. വെള്ളം ശുചീകരിക്കാനായി ഫില്‍ട്ടറിങ്‌ സംവിധാനത്തിനുള്ള ഉപകരണങ്ങള്‍കൂടി സ്ഥാപിച്ചെങ്കിലും വേണ്ടവിധം പ്രയോജനപ്പെട്ടില്ല. കുടിവെള്ളത്തിന്‌ സ്വകാര്യ എസ്റ്റേറ്റിലെ ചോലയെത്തന്നെയാണ്‌ ആശ്രയിക്കുന്നത്‌. കുറെ ദൂരം നടന്നാണ്‌ മലമുകളിലെ ചോലയില്‍നിന്ന്‌ വെള്ളം എടുക്കുന്നത്‌. ജലനിധി പമ്പ്‌ഹൗസിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാനായാല്‍ ഗുണഭോക്താക്കള്‍ക്ക്‌ കുടിവെള്ളം കിട്ടും. മറ്റുള്ളവര്‍ക്ക്‌ ചോലയില്‍നിന്ന്‌ ആവശ്യത്തിന്‌ വെള്ളം ശേഖരിക്കാനും കഴിയും

No comments: