Saturday, April 04, 2009

ഭക്ഷണമില്ല; മാനസികരോഗിയായ മകനും അമ്മയും നരകിക്കുന്നു

കാളികാവ്‌: വൃദ്ധമാതാവും മനോവൈകല്യമുള്ള മകനും ഭക്ഷണവും പരിചരണവും കിട്ടാതെ വിഷമിക്കുന്നു. ചോക്കാട്‌ പഞ്ചായത്തില്‍ സ്രാമ്പിക്കല്ലിലെ പൂളക്കല്‍ ലക്ഷ്‌മിയും(60) മകന്‍ അനിലും(40) ആണ്‌ ആവശ്യത്തിന്‌ ഭക്ഷണംപോലും കിട്ടാതെ ജീവിക്കുന്നത്‌. ലക്ഷ്‌മിയുടെ മാനസികരോഗിയായിരുന്ന മൂത്തമകന്‍ ദാസന്‍ നാലുവര്‍ഷംമുമ്പ്‌ പട്ടിണികിടന്ന്‌ മരിച്ചിരുന്നു. കുടുംബത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ക്ക്‌ പുറമെ ദാരിദ്ര്യം കൂടിയായതോടെ ലക്ഷ്‌മിയുടെ മനോനിലയും തെറ്റിത്തുടങ്ങിയിട്ടുണ്ട്‌. 
സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു പൂളക്കല്‍ ഗോപിയുടെയും ലക്ഷ്‌മിയുടെയും കുടുംബജീവിതം. ഇവര്‍ക്ക്‌ പിറന്നത്‌ ജന്മനാ മനോവൈകല്യമുള്ള രണ്ട്‌ ആണ്‍കുട്ടികളായിരുന്നു. വിധിക്ക്‌ കീഴടങ്ങാതെ പരാതിയും പരിഭവവുമില്ലാതെ മക്കളെ ചികിത്സിച്ചും പരിചരിച്ചും കഴിഞ്ഞുകൂടുന്നതിനിടയില്‍ 30 വര്‍ഷം മുമ്പ്‌ പ്രതീക്ഷവറ്റിയ ഗോപി ആത്മഹത്യചെയ്‌തതോടെ ലക്ഷ്‌മിയും രോഗികളായ രണ്ട്‌ മക്കളും ജീവിതത്തില്‍ ഒറ്റപ്പെട്ടു. മക്കളുടെ പരിചരണത്തിനുപുറമെ കുടുംബഭാരം കൂടി ചുമലിലേറ്റേണ്ടിവന്ന ലക്ഷ്‌മി കൂലിപ്പണിക്ക്‌ പോകാന്‍ നിര്‍ബന്ധിതയായി. 
കൂലിപ്പണിക്ക്‌ പോയിത്തുടങ്ങിയതോടെ അമ്മയുടെ പരിചരണംനഷ്ടപ്പെട്ട്‌ രണ്ട്‌ മക്കളും മുഴുഭ്രാന്തന്‍മാരായി വീടുവിട്ട്‌ അലയാന്‍ തുടങ്ങി. ജോലിക്ക്‌ പോകുന്നത്‌ നിര്‍ത്തി മക്കളെ പരിചരിച്ചെങ്കിലും പഴയ നിലയിലേക്ക്‌ മക്കളെ തിരിച്ചുകൊണ്ടുവരാനായില്ല. ഭക്ഷണംകിട്ടാതെ മൂത്തമകന്‍ മരിച്ചിട്ടും ഇളയമകനു വേണ്ടി സ്‌നേഹനിധിയായ മാതാവ്‌ പതര്‍ച്ചയില്ലാതെ ജീവിക്കുകയായിരുന്നു. 
പ്രതാപത്തോടെ ജീവിച്ചിരുന്ന പൂളക്കല്‍ വീട്ടില്‍ തീ എരിഞ്ഞിട്ട്‌ മാസങ്ങളായിട്ടുണ്ട്‌. തകര്‍ന്നുതുടങ്ങിയ വീട്ടില്‍ ദൈന്യതകലര്‍ന്ന നോട്ടവുമായി മുഴുഭ്രാന്തനായ മകനും മനോനില തെറ്റിത്തുടങ്ങിയ മാതാവും ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ്‌. വിവര മറിഞ്ഞ്‌ നാട്ടുകാര്‍ ഭക്ഷണവുമായി എത്തിയെങ്കിലും എന്തിനാണ്‌ ആഹാരം എന്ന നിലയിലാണ്‌ ലക്ഷ്‌മി പ്രതികരിച്ചത്‌. ഭക്ഷണംകിട്ടാതെ മനോനില നഷ്ടപ്പെട്ട ഇവര്‍ വിശപ്പ്‌ എന്ന അവസ്ഥപോലും മറന്നിരിക്കുകയാണ്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഉറ്റവരും ഉടയവരും ഉപേക്ഷിച്ചിട്ടും മകന്റെയും ഭര്‍ത്താവിന്റെയും മരണം വരുത്തിവെച്ച ദുരന്തങ്ങളിലൊന്നും പതറാതെ പിടിച്ചുനിന്ന ലക്ഷ്‌മിയെ തളര്‍ത്തിയത്‌ ദാരിദ്ര്യം മാത്രമാണ്‌. 
പരിചരിക്കാന്‍ ആളെ കിട്ടിയാല്‍ അനിലിനെയും മക്കള്‍ക്കുവേണ്ടി ജീവിച്ച അമ്മയെയും രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

No comments: