Monday, April 20, 2009

നാട്ടുകാരും പ്രവാസികളും സംഘടിച്ചു; അഞ്ചച്ചവിടി ഗവ. യു.പി. സ്‌കൂളിന്‌ മൈതാനം ഒരുങ്ങുന്നു

കാളികാവ്‌: നാട്ടുകാരും പ്രവാസികളും 20 ലക്ഷം രൂപ സംഘടിപ്പിച്ച്‌ അഞ്ചച്ചവിടി സര്‍ക്കാര്‍ യു.പി. സ്‌കൂളിന്‌ മൈതാനത്തിനുള്ള സ്ഥലംവാങ്ങി. സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥിയായ എ.എം. അബ്ദുസമദ്‌ കഴിഞ്ഞ വര്‍ഷം ദേശീയ കായികമീറ്റില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡല്‍നേട്ടത്തിന്‌ ഉടമയായിരുന്നു. 
ആറ്‌ കിലോമീറ്റര്‍ ദൂരത്തുള്ള കാളികാവ്‌ സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ മൈതാനിയിലെത്തിയാണ്‌ സമദും സഹപാഠികളും കായികപരിശീലനം നടത്തിയിരുന്നത്‌. അഞ്ചച്ചവിടിയിലെ സന്നദ്ധസംഘടനകളും യുവജനങ്ങളും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി വലിയ ഒരു തുക നാട്ടില്‍നിന്നുതന്നെ പിരിച്ചെടുക്കുകയും ചെയ്‌തു. 
അഞ്ചച്ചവിടി ജിദ്ദ ഏരിയാകമ്മിറ്റി പ്രവര്‍ത്തകര്‍ വിദേശത്തുനിന്ന്‌ എട്ടുലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ട്‌. ശേഖരിച്ച പണവുമായി ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ സൈക്കോ ഹംസയും ട്രഷറര്‍ വി.പി. കുഞ്ഞുമാനുവും നാട്ടിലെത്തി സ്ഥലമുടമയ്‌ക്ക്‌ പണം കൈമാറി സ്ഥലത്തിന്റെ പ്രമാണം സ്‌കൂള്‍ അധികൃതരെ ഏല്‌പിച്ചു. 
ശനിയാഴ്‌ച നടന്ന ചടങ്ങ്‌ കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ ഉദ്‌ഘാടനംചെയ്‌തു. മൈതാനകമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞാപ്പഹാജി അധ്യക്ഷതവഹിച്ചു. കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. കുഞ്ഞാന്‍, വാര്‍ഡ്‌ അംഗങ്ങളായ പി. കുട്ടിമാന്‍, കെ. ബാലന്‍, വി.പി. നസീര്‍, കാളികാവ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ഇ.പി. യൂസഫ്‌ഹാജി, കെ.ടി. ഉമ്മര്‍, പ്രധാനാധ്യാപിക ലിസി കുര്യന്‍, ഒ.കെ.എസ്‌. പ്രസാദ്‌, മൈതാന നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ ഷാനവാസ്‌ എന്നിവര്‍ പ്രസംഗിച്ചു

No comments: